രണ്ട് വര്‍ഷം മുന്‍പ് തൃശൂര്‍ പോയി വന്നപ്പോള്‍, ഉപേക്ഷിച്ചു പോയ അസ്ഥി പഞ്ചരങ്ങള്‍ പോലെ, പായല്‍ പിടിച്ചു  വഴിയില്‍ മുഴുവന്‍ തൂങ്ങി നിന്ന തൂണുകള്‍ കണ്ടു മൂക്കത്ത് വിരല്‍ വച്ചിരുന്നു. "Fly over വരുന്നു വരുന്നു" എന്ന് കേള്‍ക്കുന്നതല്ലാതെ അടുത്ത ഒരു ദശവത്സര പദ്ധതിയില്‍ പോലും വരുമെന്നുള്ള ഒരു പ്രതീക്ഷ തോന്നിയില്ല. ഒരു ശരാശരി ഭാരതിയനു അങ്ങനെ പ്രതീക്ഷിക്കാനുള്ള വകയൊന്നും ഉണ്ടായിട്ടില്ലല്ലോ.

പക്ഷെ ഇത്തവണ തൃശൂര്‍ പോയി വന്നപ്പോള്‍ ആ പ്രതീക്ഷാരാഹിത്യം എല്ലാം മഞ്ഞു പോലെ ഉരുകി പോയി. പണ്ടൊക്കെ ' കറുക്കുറ്റി',  'ചാലക്കുടി' എന്നുള്ള പേരുകളില്‍ മാര്‍ഗതടസങ്ങള്‍ സൃഷ്ടിച്ചിരുന്ന വാനരന്മാരെല്ലാം ഇപ്പൊ fly over കളുടെ അടിയില്‍ ഒളിച്ചു. സൂക്ഷിച്ചു നോക്കിയാല്‍ പണ്ടത്തെ കവലകളുടെ മുകളറ്റം ഇത്തിരി കാണാം. സായിപ്പിന്‍റെ മുഖത്തു നോക്കി 'അവിടത്തെ പോലെ ഇവിടെയും ആയി' എന്നൊന്നും പറയാറായിട്ടില്ലെങ്കിലും, കുറച്ച് അഭിമാനത്തിനും കുറെ പ്രതീക്ഷകള്‍ക്കും വകയുണ്ട്.

Fly over കളുടെ കളി ശരിക്ക് കണ്ടത് മുംബയിലും ബംഗളൂരും ആണ്. തലങ്ങും വെലങ്ങും തൂണുകള്‍!!!.! .! അത് metro, ഇത് subway, പിന്നെ  അത് road, ഇത് skywalk  - എന്‍റെ സുഹൃത്ത് ഓരോ തൂണും കാണിച്ചു പറഞ്ഞു തന്നു. മൈലുകള്‍ നീണ്ടു പോകുന്ന fly over കള്‍..! ബംഗളൂരില്‍ നിന്നു ഒരു fly over കയറിയാല്‍ തമിഴ്നാട്ടില്‍ എത്തുന്നു.

കുടിയൊഴിപ്പിക്കുന്നതിന്‍റെയും സ്ഥലമെടുപ്പിന്‍റെയും നൂലാമാലകള്‍ ഒഴിവാക്കാന്‍ ഏതോ മിടുക്കന്‍ കണ്ടു പിടിച്ച വേല ആവണം ദേശത്തിന്‍റെ ഈ രണ്ടാം നില നിര്‍മാണം.  വെറും രണ്ട് കിലോമീറ്റര്‍ നീളമുള്ള എന്‍റെ പെരുമ്പാവൂര്‍ ഇങ്ങനെ ഒരു fly over ന്‍റെ കീഴില്‍ ആവുന്ന കാലം വിദൂരമല്ല.

 

ഉച്ചയോടടുത്ത നേരം.ഒരു നല്ല മഴ പെയ്തൊഴിഞ്ഞു വെയില്‍ തെളിഞ്ഞു. 'പാത്തുമ്മാന്‍റെ  ആട്' വായിച്ചു കൊണ്ടു ബേപ്പൂര്‍ സുല്‍ത്താനെ പോലെ കോലായില്‍ ചാരുകസേരയില്‍ പാതി ആലസ്യത്തില്‍ ഇരിക്കുമ്പോഴാണ് ആ മഹാന്‍ കയറി വന്നത്. ആവശ്യത്തില്‍ അധികം ശബ്ദമുണ്ടാക്കി ഗേറ്റ് തുറന്നപ്പോള്‍ തന്നെ പഹയന്‍ എന്റെ black list ല്‍ സ്ഥലം പിടിച്ചു. വളരെ ധൃതിയിലാണ് വരവ്. കണ്ണില്‍ ഒരു ചെറിയ ക്രോധവും മുഖത്താകെ ഒരു കള്ള ലക്ഷണവും. ഒരു ചെക്ക്‌ ഷര്‍ട്ടും നീല പാന്റ്സും വേഷം. തോളത്തൊരു സഞ്ചി. ആകെ ഒരു 'ഫ്രാഡ്' ലുക്ക്‌.

കോലായുടെ അടുത്തെത്തിയ ഉടന്‍ കയ്യിലിരുന്ന laminate ചെയ്ത ഒരു കടലാസ് എന്റെ നേരെ നീട്ടി. ഞാന്‍ മടിച്ചു മടിച്ചു അത് വാങ്ങി. മുകളില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ Indian Oil എന്നെഴുതിയിട്ടുണ്ട്. അതിന്റെ താഴെ കക്ഷിയുടെ ഒരു പടം. പടത്തിലും ക്രോധം തന്നെ. ജനിച്ചു വീണതേ ക്രോധത്തോടെ എന്ന പോലെ. ഒന്നോടിച്ചു വായിച്ചപ്പോള്‍ കക്ഷിയെ Indian Oil എന്തോ ചെയ്യാന്‍ ചുമതല പെടുത്തിയിരിക്കുന്ന പോലെ. എന്തെങ്കിലും വില്‍ക്കാനായിരിക്കും എന്ന് തോന്നി. Indian Oil എനിക്കെന്തു വില്‍ക്കാന്‍. എന്തായാലും ഞാന്‍ അത് തിരിച്ച് നീട്ടിയിട്ട്‌ കഴിവതും ഗൗരവത്തില്‍ പറഞ്ഞു

'വേണ്ട'.

കക്ഷി അത് കേട്ടു അപമാന ഭാരത്താല്‍ എന്ന പോലെ ഒന്ന് പുളഞ്ഞു - അടി കിട്ടിയ വളവളപ്പന്‍ പാമ്പിനെ പോലെ. ഞാന്‍ കക്ഷിയുടെ സര്‍ട്ടിഫിക്കറ്റ് ഒന്ന് ഇരുത്തി വായിക്കാന്‍ പോലും ഉള്ള ക്ഷമ കാണിക്കാത്തത് ശരിക്ക് ഫീല്‍ ചെയ്തു എന്ന് എനിക്ക് മനസിലായി.

'നിങ്ങളുടെ ഗ്യാസ് അടുപ്പ് പരിശോധിക്കാന്‍ Indian Oil ചുമതലപ്പെടുതിയിട്ടുള്ള ആളാണ്‌ ഞാന്‍', അയാള്‍ പറഞ്ഞു, 'ഇത്തവണത്തെ കേരള ലോട്ടറി നിങ്ങള്‍ക്കാണ് അടിച്ചത് എന്ന് അറിയിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞു വിട്ട ആളാണ്‌ ഞാന്‍' എന്ന് പറയുന്ന ഭാവം.

'ഓ, അതാണോ?' എന്ന് പറയാനാണ് എനിക്ക് തോന്നിയത്. അങ്ങനെ തന്നെ പറയുകയും ചെയ്തു. ഈ പഹയനെ എന്തായാലും അടുക്കള വരെ കേറ്റി പൊല്ലാപ്പ് ഉണ്ടാക്കാന്‍ എന്തായാലും മനസ് വന്നില്ല. മുഖത്തെ കള്ള ലക്ഷണം കൂടുതല്‍ നന്നായി തെളിഞ്ഞു വരുന്നുമുണ്ട്. സ്കൂട്ടറില്‍ വന്നു നിര്‍ത്തി മൂത്രം ഒഴിക്കാന്‍ സൗകര്യം ചോദിച്ചു വീട്ടില്‍ കയറി ആഭരണം കവര്‍ന്ന ദമ്പതികളെ പറ്റി പത്രത്തില്‍ വായിച്ചിട്ട് കഷ്ടി ഒരാഴ്ച ആയിട്ടില്ല.

'എന്തായാലും വേണ്ട', ഞാന്‍ പറഞ്ഞു.

മഹാന്‍ വീണ്ടും ഒന്ന് പുളഞ്ഞു. എന്റെ മനസ് നന്നായി വായിച്ചത് പോലെ പറഞ്ഞു, 'ഞാന്‍ കള്ളനാണെന്ന് സംശയം ഉണ്ടെങ്കില്‍ നിങ്ങള്‍ പോലീസിനെ വിളിച്ചു ചോദിച്ചോ. അല്ലെങ്കില്‍ ബാബു ഗ്യസിനെ വിളിച്ചു ചോദിച്ചോ. ഞാന്‍ ഇവിടെ തന്നെ ഇരിക്കാം'. അല്‍പ്പം ശബ്ദം ഉയര്‍ത്തിയത്‌ എനിക്കും ശരിക്ക് കൊണ്ടു. ഞാനും ഒന്ന് പുളഞ്ഞു. എന്റെ വീട്ടില്‍ കയറി വന്നു എന്റെ അടുത്ത് ശബ്ദം ഉയര്‍ത്തുന്നോ!

സുരേഷ് ഗോപി സ്റ്റൈലില്‍ 'ഇറങ്ങി പോടാ പുല്ലേ' എന്ന് പറയാനാണ് തോന്നിയതെങ്കിലും പറഞ്ഞില്ല. സുരേഷ് ഗോപിക്ക് അങ്ങനെ പറയുന്നതിന് കാശ് കിട്ടും. എനിക്ക് അതിനു പകരം ഈ കിഴങ്ങന്റെ വായില്‍ നിന്നു നല്ല പുളിച്ചത്‌ വല്ലതും കിട്ടിയാലോ.

'നിങ്ങള്‍ ഇവിടെ ഇരിക്കുകയൊന്നും വേണ്ട. ഇപ്പൊ എന്തായാലും ഇവിടെ stove പരിശോധിക്കേണ്ട. നിങ്ങള്‍ വന്നപ്പോ ഇവിടെ ആരുമില്ലായിരുന്നു എന്ന് കരുതിയാല്‍ മതി'. ഞാന്‍ കഴിവതും സംയമനം പാലിച്ചു തന്നെ പറഞ്ഞു.

കക്ഷിയുടെ ശബ്ദം വീണ്ടും ഉയര്‍ന്നു, 'ഓര്‍ത്തോ. stove പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിയില്ലെങ്കില്‍ ചിലപ്പോ നിങ്ങള്‍ക്ക് ഇനി ഗ്യാസ് കിട്ടിയില്ല എന്ന് വരും. ഞാന്‍ പറഞ്ഞില്ല എന്ന് വിചാരിക്കേണ്ട'.

ഇവന്‍ ആരടാ! ഇതെന്താ കുമ്പളങ്ങാ പട്ടണമോ! ചുമ്മാ ഒരാള്‍ വന്നു ഒരു കടലാസ് കാണിച്ചിട്ട്  'എനിക്ക് നിങ്ങളുടെ അടുക്കളയില്‍ കേറണം' എന്ന് പറഞ്ഞാല്‍ ആരെങ്കിലും കേറ്റുമോ? അല്ല, കയറ്റുമോ?

'ഉവ്വ്. മനസിലായി. ഇനി അധികം നേരം നില്‍ക്കണ്ട. പൊയ്ക്കോ', ഞാന്‍ പറഞ്ഞു.

ഇനി എന്തായാലും ഇവിടെ ഗ്യാസ് stove നോക്കാന്‍ കിട്ടില്ല എന്ന് പുള്ളിക്കാരന് ഉറപ്പായി കാണും. എന്തൊക്കെയോ ഉച്ചത്തില്‍ പുലമ്പി കൊണ്ടു ആള് തിരിച്ച് നടന്നു. 'Stove പൊട്ടിത്തെറിക്കും അപ്പൊ ഓര്‍ത്തോ' എന്നൊക്കെ പറയുന്നുണ്ടായിരുന്നു.

ഗേറ്റ് ശബ്ദത്തില്‍ തുറന്നു, അടയ്ക്കാതെ വന്നതിന്റെ ഇരട്ടി ഗൗരവത്തില്‍ ഇറങ്ങി പോയി.

ഞാന്‍ വീണ്ടും 'പാത്തുമ്മാന്റെ ആട്' തുറന്നു. എന്നാലും ഉള്ളില്‍ അപ്പോഴും ചോദ്യം ബാക്കിയായിരുന്നു 'എന്തായിരുന്നു അയാളുടെ ഉദ്ദേശ്യം? ഇനി ശരിക്കും Indian Oil വിട്ടതായിരിക്കുമോ?'

ഇന്നലെ രാത്രി തൃശൂര്‍ പോയി തിരിച്ചു വന്നപ്പോളാണ് കണ്ടത് പെരുമ്പാവൂരിലെ  കാലടി കവലയിലെ traffic signal പ്രവര്‍ത്തിക്കുന്നില്ല. പിന്നെ, അത് എല്ലാവര്‍ക്കും ഒരു ശല്യം അല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലാത്തത് കൊണ്ടു അത് പ്രവര്‍ത്തിച്ചില്ലെങ്കിലും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. സത്യം പറഞ്ഞാല്‍ traffic കുറച്ചു കൂടി സുഗമമായി ഒഴുകുന്നത്‌ പോലെ തോന്നി.

ഇന്നു രാവിലെ മനോരമയില്‍ വാര്‍ത്ത കണ്ടു - ലക്ഷക്കണക്കിന് രൂപ ചിലവാക്കിയാണ് സൌര്യോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന signal നിര്‍മ്മിച്ചത്, ഇപ്പോള്‍ battery കേടായി. Repair ചെയ്യാന്‍ തുക എങ്ങും വകയിരുത്തിയിട്ടില്ല പോലും. ഏതായാലും, ഇപ്പോള്‍ നല്ല വെയിലുള്ളപ്പോഴേ signal ഉള്ളൂ. ഏതായാലും ഇവിടെ നല്ല മഴക്കാലമായത് കൊണ്ടു കുറച്ചു നാളത്തേക്ക് signal എന്ന വഴിമുടക്കിയെ പറ്റി ബേജാര്‍ ആവേണ്ട.

ഇതാണോ 2050 ല്‍ മഹാ ശക്തി ആവാനിരിക്കുന്ന  രാജ്യം എന്ന്  ചിന്തിച്ചു കൊണ്ടു വീട്ടില്‍ വന്നു TV on ചെയ്തപ്പോള്‍ ബഹുമാന്യനായ മുന്‍ രാഷ്ട്രപതി കലാം പറയുന്നു - "യുവ ജനങ്ങള്‍ ശ്രദ്ധ വച്ചാല്‍ 2020 ല്‍ ഇന്ത്യ മഹാ ശക്തിയാവും" എന്ന്. പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് ഒരു confidence ഒന്നും കണ്ടില്ല. "ഇനി ഞാന്‍ പറയാത്തത് കൊണ്ടു ഈ രാജ്യം വികസിക്കാതിരിക്കണ്ട" എന്ന് കരുതി പറഞ്ഞ പോലെ.  ഇന്നത്തെ മനോരമ യില്‍ മുഖ്യ വാര്‍ത്ത ശ്രീ  കലാമിന്‍റെ പ്രസ്താവന തന്നെ ആയിരുന്നു.  Idea Singer ലും SMS ലും മുഴുകി നടക്കുന്ന യുവ തലമുറ ഇതു വരെ ഇതിനെ പറ്റി അറിഞ്ഞില്ലെങ്കിലും, "2020 ല്‍ ഇന്ത്യ മഹാ ശക്തിയാവും എന്ന് കലാം പറഞ്ഞു" എന്നുള്ള വാര്‍ത്ത ഉടനെ അവരുടെ രക്തം തിളപ്പിക്കും എന്നുറപ്പ്.

രക്തം തിളച്ചു വഴിയിലിറങ്ങുമ്പോള്‍ ഓര്‍ക്കുക  - "അന്തരീക്ഷം  മേഘാവൃതം ആണെങ്കില്‍  traffic signal പ്രവര്‍ത്തിക്കുന്നതല്ല".

 

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഒരു ഫാഷനാണല്ലോ കുടുംബയോഗങ്ങള്‍! എല്ലാവര്‍ക്കും തങ്ങളുടെ പാരമ്പര്യം ചികഞ്ഞെടുത്ത് തൂത്തു മിനുക്കി അതു നോക്കിയിരുന്നു അഭിമാനം കൊള്ളാന്‍ പെട്ടെന്നൊരു ആഗ്രഹം. ചികഞ്ഞെടുക്കുമ്പോള്‍  കിട്ടുന്ന അസ്ഥികൂടങ്ങള്‍ സൗകര്യപൂര്‍വ്വം മറയ്ക്കാനും ആര്‍ക്കും മടിയില്ല.

കഴിഞ്ഞ തലമുറയില്‍ ഒരു ചെറിയ വിഭാഗം ജനങ്ങള്‍ Lions Club, Rotary Club എന്നീ  പേരുകളില്‍ ഒത്തുകൂടി നടത്തിക്കൊണ്ടിരുന്ന  കലാപരിപാടികള്‍ ഇപ്പോള്‍  കുടുംബയോഗങ്ങളുടെ പേരിലാണു നടത്തുന്നത് . കുടുംബത്തിന്‍റെ അഭിമാനസ്തംഭമായ പള്ളീലച്ചന്‍റെ  പ്രാര്‍ഥനയോടെ തുടങ്ങുന്ന യോഗം കുട്ടികളുടെ കലാപരിപാടികളോടെ തുടര്‍ന്ന് അഭിമാനത്താല്‍  fit ആയ പുരുഷന്മാരുടെ കലാപരിപാടികളില്‍ അവസാനിക്കുന്നു.  ഇതിനിടയില്‍ നമ്മുടെ ദേശീയ കലാപരിപാടികളായി അംഗീകരിക്കപെട്ടിട്ടുള്ള ചാക്കിടീല്‍,  പാരവയ്പ് , പരദൂഷണം എന്നീ ഐറ്റംസും അരങ്ങേറുന്നു.

കഴിഞ്ഞ രണ്ടു മൂന്നു തലമുറയായി, എന്തിനാണ് വഴക്ക് എന്നു ചോദിച്ചാല്‍  ഉത്തരം പൊലുമില്ലാത്ത വിധത്തില്‍,  ഒറ്റ വരമ്പത്തു എതിരെ വന്നാല്‍ പോലും മുഖത്തു നോക്കാന്‍  വയ്യാത്ത വിധത്തിലുള്ള വഴക്കുള്ള ചില കുടുംബങ്ങളില്‍  ഇത്തരം  യോഗങ്ങള്‍  ഒരു വല്ലാത്ത സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത് . Fevicol ന്റെ ചിഹ്നത്തിലെ ആനകളേ പോലെ എതിര്‍ തിരിഞ്ഞു ബലം പിടിച്ചു  നില്‍ക്കുന്ന ചിലര്‍  ഒരു വശത്ത് . മറുവശത്തോ, ഈ കുടുംബത്തെ എങ്ങനെയെങ്കിലും ഒരു കുടക്കീഴില്‍  കൊണ്ടുവരണമെന്ന ആശയോടെ സമധാനധൂതുമായി പരക്കം പായുന്ന ചില അഭ്യുദയകാംഷികള്‍  കലാലയ രാഷ്ട്രീയത്തിന് പ്രസക്തി നഷ്ടപെട്ട സ്ഥിതിയ്ക്ക് കുട്ടി നേതാക്കള്‍ക്ക് ഒന്നു ഷൈന്‍ ചെയ്യാനുള്ള വേദിയാണോ ഈ യോഗങ്ങള്‍  എന്നും സംശയമില്ലാതില്ല.

PS:  അകന്ന പരിചയമുള്ള ഒരു കാര്‍ന്നോരെ രണ്ട് വര്‍ഷം മുന്‍പ് വഴിയില്‍ കണ്ടുമുട്ടി. ഒരു വലിയ ചുരുളും കക്ഷത്തില്‍ വെച്ചു എങ്ങോട്ടോ ധൃതിയില്‍ പോവുകയാണ് ഇഷ്ടന്‍ . 'എങ്ങോട്ടാ വല്ല്യപ്പാ' ഞാന്‍ ചോദിച്ചു. 'ഓ! മോനെ. ഞാനാ ഈ വര്‍ഷം  കുടുംബയോഗത്തിന്‍റെ പ്രസിഡണ്ട്‌... ഈ ചാര്‍ട്ട് ഒന്നു വിപുലീകരിക്കണം.' മുഖത്തു അമേരിക്കന്‍ പ്രസിഡണ്ടിനു പോലുമില്ലാത്ത ഒരു തിരക്കു ഭാവം. ഈയിടെ വല്ല്യപ്പനെ കണ്ടപ്പോള്‍ ഞാന്‍  ചോദിച്ചു, 'എങ്ങിനെയുണ്ടു വല്ല്യപ്പാ കുടുംബയോഗമൊക്കെ?'. 'ഓ! ഒന്നും പറയണ്ട മോനെ! അതു പിരിച്ചു വിട്ടു. കുറച്ചു ഗവേഷണം നടത്തിയപ്പോ ഞങ്ങടെ വല്ല്യാപ്പന്റെ  തനി കഥകളൊക്കെ പുറത്തു വന്നു. പലയിടത്തുനിന്നും ആളുകള്‍ അവകാശം പറഞ്ഞ് കുടുംബയോഗത്തില്‍ ചേരാനായി വരാന്‍ തുടങ്ങി. ഇനി കൂടുതല്‍ വഷളാക്കണ്ട എന്നു വച്ചു'. പോരേ പൂരം!

'എന്തിനെയും ഏതിനെയും പറ്റി കൂലംകുഷമായി കാട് കയറി ചിന്തിച്ചു രക്ത സമ്മര്‍ദം കൂട്ടും' എന്നാണ് എന്‍റെ ജാതകത്തില്‍ കണിയാന്‍ കണ്ട എഴുതിയിരിക്കുന്നത്. മറുമരുന്നും അദ്ദേഹം എഴുതിയിരിക്കുന്നു - 'രക്ത സമ്മര്‍ദം അതിയായി കൂടുമ്പോള്‍ കുറച്ച് എവിടെയെങ്കിലും എന്തെങ്കിലുമൊക്കെ കുറിച്ച് വെക്കുകയാണെങ്കില്‍ കുറച്ച് നാള്‍ കൂടി ജീവിച്ചിരിക്കാം'. അങ്ങനെ, കുറച്ച് നാള്‍ കൂടി ജീവിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ കുറിപ്പുകള്‍.

എന്‍റെ ബ്ലോഗുകള്‍

ഇവിടെ തിരയൂ

തരങ്ങള്‍


Notice: Undefined property: stdClass::$platform in /homepages/39/d151614472/htdocs/eldho/blogs/admin/inc/sessions/model/_hit.class.php on line 455

Notice: Undefined property: stdClass::$platform in /homepages/39/d151614472/htdocs/eldho/blogs/admin/inc/sessions/model/_hit.class.php on line 457